Friday, October 7, 2011

ജാനകി - ഭൂമിപുത്രി :: അന്താരാഷ്‌ട്ര അവാര്‍ഡു നേടിയ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം

എസ്. സലിംകുമാർ



ലോലാ കെനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള ചിത്രങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ജാനകി യുടെ പ്രിവ്യു ഒക്ടോബര്‍ ഇരുപത്തിനാലിന്  ബാംഗ്ലൂരില്‍ നടക്കുന്നു. ബാംഗ്ലൂരില്‍ വച്ച് ആദ്യമായാണ്‌ ഒരു മലയാള ചലച്ചിത്രത്തിന്‍റെ  ആദ്യപ്രിവ്യു നടക്കുന്നത്. ജാനകി കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുള്ള എം.ജി.ശശിയാണ്. ജാനകിയുടെ പ്രിവ്യുവിനൊപ്പം എം.ജി.ശശി യുടെതന്നെ രണ്ടു ഹ്രസ്വചിത്രങ്ങളും - കനവു മലയിലേക്ക് , മഹാത്മാ അങ്ങയോട്- പ്രദര്‍ശിപ്പിക്കും.
 
ബാംഗ്ലൂരും മലയാള സിനിമയും:
മലയാള സിനിമയും ബാംഗ്ലൂരും തമ്മിലുള്ള ബന്ധം നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നിരവധി മലയാള സിനിമകള്‍ക്ക്‌ നിമിത്തമാവാന്‍ ബാംഗ്ലൂര്‍ മലയാളികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാള ചിത്രങ്ങളുടെ പ്രമുഖ റിലീസിംഗ് കേന്ദ്രം കൂടിയാണ് ബാംഗ്ലൂര്‍. സംവിധായകന്‍ വി.കെ.പ്രകാശ്‌, തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍, നടന്‍ സ്ഫടികം ജോര്‍ജ് , നടിമാരായ ലക്ഷ്മി നാരായണ സ്വാമി, പ്രിയാമണി, നിത്യമേനോന്‍, സിന്ധുമേനോന്‍, ലക്ഷ്മി കൃഷ്ണമൂര്‍ത്തി, ശില്പ ബാല തുടങ്ങിയവര്‍ ബാംഗ്ളൂരുകാരാണ്. അട്ടുത്ത കാലത്തിറങ്ങിയ ഋതു, ഓറഞ്ച് , അരുണം, പാട്ടിന്‍റെ  പാലാഴി, സൂഫി പറഞ്ഞ കഥ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളും ബംഗ്ലൂരില്‍ നിന്നാണ്.

ജാനകി  - ഭൂമിപുത്രി
ലോലാ കെനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള ചിത്രങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ചിത്രമാണിത്. അന്താരാഷ്‌ട്ര തലത്തില്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ട ജാനകി, തേര്‍ഡ് ഐ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 
ഭൂമിയില്‍ നിന്ന് വന്നു ഭൂമിയിലേക്ക് തിരികെ പോകാന്‍ നിര്‍ബന്ധിതയാകുന്ന സാക്ഷാല്‍ സീതയെപ്പോലെ, തെരുവില്‍ നിന്നു വന്നു തെരുവിലേക്ക് തിരികെ വലിച്ചെറിയപ്പെടുന്ന ജാനകി എന്ന ബാലികയുടെ കഥയാണിത്. മുഖ്യധാരാ ജീവിതത്തിലെ കുഞ്ഞുങ്ങളും തെരുവില്‍ ഉപേക്ഷികപ്പെടുന്ന കുഞ്ഞുങ്ങളും സാമൂഹ്യയാഥാര്‍ത്ഥ്യമായി നമ്മുടെ മുന്നിലുണ്ട്. കുട്ടികളുടെ കാഴ്ചപ്പാടിലൂടെ ഈ യഥാര്‍ത്ഥ്യത്തെ നോക്കിക്കാണുവാനാണ് ജാനകി ശ്രമിക്കുന്നത്. ചടുലവും ആധുനികവും ആയ പ്രതിപാദനരീതിയാണ് ശശി ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. റിയാലിറ്റിയും ഫാന്‍റസിയും  ഇടകലര്‍ന്ന കഥാഘടനയിലൂടെ, നിത്യജീവിതത്തിലെ സാധാരണ സംഭവങ്ങളിലൂടെ ജാനകിയുടെ കഥ ഇതള്‍ വിരിയുന്നു.
മലയാള സിനിമയില്‍ അന്യം നിന്ന് പോവാറായ ഒരു ജനുസ്സാണ് ബാലചിത്രങ്ങള്‍. അതിനാല്‍ തന്നെ മുതിര്‍ന്നവരുടെ സിനിമയിലൂടെ പ്രചരിക്കുന്ന ആശയമണ്ഡലം ആണ്  കുട്ടികളെ സ്വാധീനിക്കുന്നത്. അല്ലെങ്കില്‍ ഹാരി പോട്ടര്‍, പോക്കെമോന്‍ ഇനത്തില്‍പ്പെട്ട ത്രസിപ്പിക്കുന്ന ചിത്രങ്ങള്‍ കുട്ടികളെ യാഥാര്‍ത്ഥ്യബോധത്തില്‍ നിന്നും സാമൂഹ്യമായ അറിവുകളില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. ഇത്തരം സിനിമകളുടെ സ്വാധീനത്തിന്നപ്പുറത്തേക്ക്  കുട്ടികളുടെ മനസ്സിനെ നയിക്കുവാന്‍ ജാനകി പോലുള്ള ചിത്രങ്ങള്‍ക്ക് കഴിയും. മലയാളത്തില്‍ ഇതു  വരെ ഉണ്ടായിട്ടുള്ള ബാലചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ജാനകി. സാമൂഹികമായ അറിവുകളില്‍ നിന്ന് മാറ്റി നിര്‍ത്താതെ ചുറ്റും നടക്കുന്ന കാര്യങ്ങളെപ്പറ്റി ആലോചിക്കുവാന്‍ ജാനകി അവരെ പ്രേരിപ്പിക്കും.
ഗാന്ധിയന്‍ ദര്‍ശനം
ലോകമെങ്ങും ചൂടപ്പം പോലെ വിറ്റഴിയുന്ന ഒരു ബ്രാന്‍ഡ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു ഗാന്ധിജി. പക്ഷേ, ഒരു കുട്ടിയെങ്കിലും വിശന്നിരിക്കുകയാണെങ്കില്‍ രാജ്യം സ്വതന്ത്രരല്ല എന്ന് അദ്ദേഹം പറഞ്ഞത് നാം സൌകര്യപൂര്‍വ്വം മറക്കുന്നു. നമ്മുടെ തെരുവുകളിലെ കോടാനുകോടി കുഞ്ഞുങ്ങള്‍ക്ക് നേരെ നാം കണ്ണടയ്ക്കുന്നു. ഈ ചിത്രത്തിലുടനീളം ഗാന്ധിയന്‍ ദര്‍ശനത്തിന്‍റെ അടിയൊഴുക്കുകള്‍ കാണാവുന്നതാണ്. മുഖ്യ കഥാപാത്രമായ ശേഖരന്മാഷുടെ ഓരോ പ്രവൃത്തികളുടെയും ചാലക ശക്തി ഗാന്ധിയന്‍ ദര്‍ശനം ആണ്. മാഷില്‍ നിന്ന് പകര്‍ന്നു കിട്ടിയ സ്നേഹവും മനസ്സുറപ്പുമാണ് പിന്നീട് ജാനകിയെ നയിക്കുന്നത്. നിരവധി ആദര്‍ശ സംഹിതകളുടെയും പുരോഗമന ആശയങ്ങളുടെയും തളര്‍ച്ചയ്ക്കും തകര്‍ച്ചയ്ക്ക് ശേഷം ലോകത്തിന്‍റെ നാനാഭാഗത്തും ഗാന്ധിയന്‍ ദര്‍ശനത്തിന്‍റെ വെളിച്ചം കൂടുതല്‍ പരന്നു തുടങ്ങിയിട്ടുണ്ട് . ഗാന്ധിജിയുടെ നൂറ്റിനാല്പതാം ജന്മദിനവും ഹിന്ദ്‌ സ്വരാജിന്‍റെ ശതവാര്‍ഷികവും ആഘോഷിക്കുന്ന വേളയില്‍ ആണ് 'ജാനകി' നിര്‍മ്മിക്കപ്പെട്ടത് എന്നത് ശ്രദ്ധേയം ആണ്. 
 
പ്രതിഭാശാലികളുടെ കൂട്ടുകെട്ട്
പ്രതിഭാശാലികളായ ഒരുകൂട്ടം കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഗമവേദിയാണ്  ജാനകി എന്ന സിനിമ. മുഖ്യ കഥാപാത്രമായ ജാനകിയെ  അവതരപ്പിക്കുന്നത് കൃഷ്ണ  പദ്മകുമാര്‍ എന്ന പന്ത്രണ്ടു കാരിയാണ്. നയന ജോസന്‍, ശാലിനി, ശ്രുതി, ശ്രുതി ടി.പി, ആദിത്യ സന്തോഷ്‌, സാരംഗ്, ജിതിന്‍, ശ്രീരാഗ്, ആദിത്യന്‍, സുപ്രീത് എന്നിങ്ങനെ സദാ ചിത്രത്തില്‍ നിറഞ്ഞു നില്ല്കുന്ന കുട്ടിപ്പട്ടാളത്തിനൊപ്പം നൂറോളം മറ്റ് കുട്ടികളും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. തമ്പി ആന്‍റണിയാണ് ശേഖരന്‍മാസ്റ്റര്‍ എന്ന പ്രധാന കഥാപാത്രമായി രംഗത്തെത്തുന്നത്. 
എഞ്ചിനീയര്‍, സംരംഭകന്‍, നടന്‍ എന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രകാശ്‌ ബാരെ, വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്ന്  സ്വഭാവാഭിനയത്തിലേക്ക് കൂടുമാറിയ ടി. ജി.രവി, അദ്ദേഹത്തിന്‍റെ മകന്‍ ശ്രീജിത്ത് രവി, നടകാഭിനേത്രിയും ഏഴുത്തുകാരിയുമായ സജിത മഠത്തില്‍, പൂനാ ഫിലിം ഇന്‍സ്ടിട്യുട്ടില്‍  നിന്നും അഭിനയം പഠിച്ചിറങ്ങിയ വിനയ്, എം.ആര്‍.ബിയുടെ മകള്‍ ലീല, പ്രേംജിയുടെ മകള്‍ സതി, ഹരിശാന്ത്, നാട്ടുഗദ്ദികയും മാവേലിമന്റ്രവും എഴുതിയ 'കനവു' സ്ഥാപകന്‍ കെ.ജെ.ബേബി, നര്‍ത്തകി കലാമണ്ഡലം രാധിക, നാടക കലാകാരന്‍ എ.വി.ജയചന്ദ്രന്‍ , നടന്‍ ഇര്‍ഷാദ്, ചാത്തനൂര്‍ വിജയന്‍, രജനി മുരളി, ആശ കൃഷ്ണന്‍, കഥകളി നടനും സംഗീതജ്ഞനുമായ മനോജ്‌ പുല്ലൂര്‍, കഥകളി നടി ജയശ്രീ, തുടങ്ങിയവരാണ്  ജാനകിയിലെ മറ്റു അഭിനേതാക്കള്‍.


സംവിധായകന്‍ എം.ജി. ശശി തന്നെയാണ് കഥ, തിരക്കഥ, ഗാനങ്ങള്‍ എന്നിവ രചിച്ചിരിക്കുന്നത്. അഭിനയത്തിന് പുറമേ ശശിയുടെ സംവിധാനസഹായി കൂടിയാണ് പ്രകാശ്‌ ബാരെ ഈ ചിത്രത്തില്‍. കഴിഞ്ഞ രണ്ടു ദശകത്തിലെറെയായി നിരവധി മികച്ച ചിത്രങ്ങളുടെ ചായാഗ്രാഹകനായ എം.ജെ. രാധാകൃഷ്ണന്‍റെ ഫോട്ടോഗ്രഫി ജാനകിയുടെ പ്ലസ്‌ പോയിന്‍റുകളില്‍ ഒന്നാണ്. കലാസംവിധാനം ഷിബു പഴഞ്ചിറ. മേക്കപ്പ് ബിജു ഭാസ്കര്‍. വസ്ത്രാലങ്കാരം കുമാര്‍ എടപ്പാള്‍. പ്രൊഡക്ഷന്‍  എക്സീക്യുട്ടിവ് ഹരി വെഞ്ഞാറമൂട്.  അടയാളങ്ങള്‍ക്ക് ശേഷം എം ജി ശശി എന്ന സംവിധായകന്‍ ഒരിക്കല്‍ കൂടി തന്‍റെ  അവിസ്മരണീയമായ അടയാളം പതിപ്പിക്കുകയാണ്  ജാനകിയിലൂടെ.


എം.ജി ശശി
 എഴുത്തുകാരനും നടനും സംവിധായകനുമായ എം.ജി.ശശി മലയാള നാടകവേദിക്കും സിനിമയ്ക്കും അതുല്യമായ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തി ന്‍റെ ആദ്യ ചിത്രമായ 'അടയാളങ്ങള്‍' മികച്ച ചിത്രത്തിനും മികച്ച  ഡയറക്ടര്‍ക്കും ഉള്ളതു ഉള്‍പ്പെടെ അഞ്ചു  സംസ്ഥാന അവാര്‍ഡുകള്‍ നേടുകയും ദേശീയ അന്തര്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മഹാത്മാ അങ്ങയോട്, ഒളിച്ചേ  കണ്ടേ,  സ്നേഹസമ്മാനം, കനവു മലയിലേക്കു തുടങ്ങിയ ഹ്രസ്വചിത്രങ്ങളും  അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദശകങ്ങളായി നിരവധി നാടകങ്ങളും ശശി എഴുതി സംവിധാനം ചെയ്തു അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ ചിത്രം കൊണ്ടു തന്നെ മലയാളത്തിലെ മികച്ച സംവിധായകരുടെ മുന്‍നിരയിലെത്തിയ  എം.ജി.ശശിയുടെ രണ്ടാമത്തെ സിനിമയാണ് ജാനകി.
 
സിലിക്കണ്‍ മീഡിയയുടെ ചിത്രം
പ്രതിഭാധനരായ  കലാകാരന്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും കൂട്ടായ്മയിലൂടെ ലോകനിലവാരത്തിലുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കുവാനാണ് സിലിക്കണ്‍ മീഡിയ ശ്രമിക്കുന്നത്. സിലിക്കണ്‍ മീഡിയയുടെ ആദ്യ ചിത്രമായ സൂഫി പറഞ്ഞ കഥ വളരെയേറെ ശ്രദ്ധിക്കപ്പെട്ട വേറിട്ടൊരു ചിത്രമായിരുന്നു. രണ്ടാമത്തെ ചിത്രമാണ് 'ജാനകി'. അടുത്ത ചിത്രം കവിതയുടെ നിത്യകാമുകനായ പി.കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കി പി.ബാലചന്ദ്രന്‍ സംവിധാനം ചെയ്യുന്നു. കഥയും സാങ്കേതികമികവും ഉള്ള സിനിമകള്‍ നിര്‍മ്മിക്കുന്നതിന്നോപ്പം തന്നെ പ്രദര്‍ശനത്തിലും  വിതരണവിപണന രംഗങ്ങളിലും ആധുനിക സാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍  പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് സിലിക്കണ്‍ മീഡിയ പ്രവര്‍ത്തിക്കുന്നത്.  ഇതിനു സാങ്കേതികവിദ്യയി‌ലുള്ള മികവും ലോക വ്യാപകമായുള്ള ബന്ധങ്ങളും ഉപയോഗിക്കുവാനാണ് സിലിക്കണ്‍ മീഡിയ ശ്രദ്ധിക്കുന്നത്. പതിവ് പാതകളിലൂടെ ഉള്ള യാത്രയില്‍ ‍ മലയാള സിനിമക്കു സംഭവിക്കുന്ന ജീര്‍ണതകളെ അതിജീവിക്കുവാന്‍ ഉതകുന്ന തരത്തിലുള്ള മികച്ച സൃഷ്ടികള്‍ കൊണ്ട് സിനിമമേഖലയെ സമ്പന്നമാക്കുന്നതിന്നാണ് സിലിക്കണ്‍ മീഡിയയുടെ ശ്രമം.
 
പ്രകാശ്‌ ബാരെ  (നിര്‍മ്മാതാവ്) ഫോണ്‍   09880115618   
എം .ജി .ശശി  (സംവിധായകന്‍)  ഫോണ്‍ : 04884  278005 ,  09495226211  
 
 
 
ഇത് ബാല്യത്തിന്.. വാര്‍ദ്ധക്യത്തിന്.. കൂടുപേക്ഷിച്ച പക്ഷികള്‍ക്ക്...

കുഞ്ഞുങ്ങള്‍ക്കായുള്ള ചിത്രങ്ങള്‍ എന്നവകാശപ്പെടുന്നവ മുതിര്‍ന്നവരുടെ ബൌദ്ധിക ചിന്തകള്‍ നിര്‍ബന്ധപൂര്‍വം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നവയായി മാറുകയും അതേ സമയം ഉപരിപ്ലവമായ ആഘോഷങ്ങളുടെ പ്രകടനപരതയായി തരം താഴുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ കുട്ടികളുടെ ചിത്രങ്ങള്‍ ജീവിതത്തെ കുഞ്ഞുങ്ങളുടെ കാഴ്ചപ്പാടില്‍ നിന്ന് കാണുകയും കാണിക്കുകയും വ്യാഖ്യാനിക്കുകയും ഇടപെടുകയും ബാല്യത്തിന്‍റെ സ്വത്വത്തില്‍ ഊന്നുകയും ചെയ്യുന്നവയാവണം.

ബാല്യം ആഘോഷവും ആഹ്ലാദവും നിറഞ്ഞതാണ്‌. എന്നാല്‍ ദുഃഖകരമായ ജീവിതയാഥാര്‍ത്ഥ്യങ്ങളും ബാല്യത്തെ വേട്ടയാടുന്നുണ്ട്‌. മുഖ്യധാരാ ജീവിതത്തിലെ കുഞ്ഞുങ്ങളും തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന - അവമതിക്കപ്പെടുന്ന കുഞ്ഞുങ്ങളും നമ്മുടെ കണ്മുമ്പില്‍ത്തന്നെയുണ്ട് .  എന്നാല്‍ കുഞ്ഞുങ്ങള്‍ ആത്യന്തികമായി നന്മ നിറഞ്ഞവരാണ് - കാപട്യമില്ലാത്തവരാണ് . ചുറ്റുമുള്ള ലോകത്തിലേക്ക്  അവര്‍ കണ്ണും കാതും മനസ്സും തുറന്നു വയ്ക്കുന്നു. പല കള്ളികളിലായി തരം തിരിക്കപ്പെട്ട് ഒതുക്കപ്പെട്ടു പോകുന്ന കുഞ്ഞുങ്ങള്‍ ഒത്തുചേര്‍ന്നു ബാല്യമെന്ന ജീവിതാവസ്ഥയെ മുന്നോട്ടു നയിക്കുന്ന സ്വപ്നം കാണാന്‍ സമൂഹം മറന്നു പോകരുത്.

വൈകാരികമായ പിരിമുറുക്കത്തില്‍ ഊന്നുന്നതാണ് ഈ സിനിമ. ഈ കുഞ്ഞുങ്ങള്‍ നമ്മെ, നമ്മുടെ മനസ്സിനെ തൊട്ടുണര്‍ത്തും.  സ്വയം വിമര്‍ശനപരമായ ചില വിലയിരുത്തലുകളിലേക്ക്     നമ്മെ  നയിക്കുകയും ചെയ്യും.  കുഞ്ഞുങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിപ്പോകുന്നത്‌ - നിലതെറ്റി പോകുന്നത് മുതിര്‍ന്നവരുടെ ലോകമാണ്.

നിരവധിയായ സാമൂഹ്യമുന്നേറ്റങ്ങളുടെ പില്‍ക്കാല പരാജയങ്ങള്‍ക്കു ശേഷം ഇപ്പോള്‍ ലോകം മുഴുവന്‍ ഗാന്ധിജിയിലേക്ക് തിരിഞ്ഞു നോക്കുന്നു. നാടിന്‍റെ മുക്കിലും മൂലയിലും ഉപ്പും നീലവും കൊണ്ടു നടന്നെത്തിയ, വടി കുത്തി നടന്ന് ഒരു തീജ്ജ്വാല പോലെ പടര്‍ന്ന ആ അര്‍ദ്ധനഗ്നന് പ്രസക്തി ഏറിക്കൊണ്ടേയിരിക്കുന്നു. പൊടിയും മാറാലയും അടിഞ്ഞ ജീവനില്ലാത്ത ചിത്രങ്ങള്‍ക്കു പകരം മുന്നോട്ടു നടക്കാന്‍ കുഞ്ഞുങ്ങള്‍ക്കു സമ്മാനമാകുന്നത് - സഹായമാകുന്നത് - ആവേശമാകുന്നത് ആ മെതിയടികളാണ്.

കുട്ടികളെ ഇഷ്ടപ്പെടുന്ന, കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഗാന്ധിജിയുടെ 'ഹിന്ദ്‌ സ്വരാജ്' എന്ന പുസ്തകത്തിന്‍റെ നൂറാം വാര്‍ഷികത്തിന്‍റെ ഓര്‍മ്മയ്ക്കു കൂടിയാണ് 'ജാനകി' ...  ഈ അര്‍ത്ഥത്തില്‍ 'ജാനകി' മുതിര്‍ന്നവര്‍ക്കു കൂടിയുള്ള സിനിമയാണ്. കുട്ടികളില്‍ നിന്നാണ് വലിയവര്‍ പാഠങ്ങള്‍ പഠിക്കേണ്ടത്. പനിച്ചു വിറയ്ക്കുന്ന കുഞ്ഞിന്‍റെ ഉള്ളം കയ്യില്‍ ഒരു ഉമ്മ വയ്ക്കാനെങ്കിലും നമുക്കാവണം.

പുതിയ കുഞ്ഞുങ്ങളാണ് പുതിയ ലോകം നിര്‍മ്മിക്കുന്നത്. കുട്ടികളും വലിയവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച്, കുട്ടികളും കുടുംബങ്ങളും തെരുവും തമ്മിലുള്ള പൊരുത്തങ്ങളെയും  പൊരുത്തക്കേടുകളെയും കുറിച്ച് 'ജാനകി' നമ്മെ ഓര്‍മ്മിപ്പിക്കും. വൈയക്തികമായ കഥാകഥനത്തിനുമപ്പുറം  സാമൂഹ്യമായും രാഷ്ട്രീയമായും നമ്മുടെ കാലഘട്ടത്തെ 'ജാനകി' തുറന്നു കാട്ടുന്നു. കാരണം ജാനകി ഒരു പെണ്‍ കുഞ്ഞാണ്. വീണ്ടും തെരുവിന്‍റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കുഞ്ഞുങ്ങളെ തിരിച്ചയച്ചു കഴിയുമ്പോള്‍ കുറ്റവാളികള്‍ ആകുന്നത് നമ്മള്‍ മുതിര്‍ന്നവര്‍ ആണ്, നമ്മുടെ മുഖ്യധാരാജീവിതം തന്നെയാണ്.

പിളര്‍ന്ന ഭൂമിക്കു കുരുതിയാകുന്നവളാണ് സീത (ജാനകി).  ഉഴവുചാലില്‍ നിന്നാണ് ജാനകി വന്നത്. ഉഴവു ചാലില്‍ ഒളിക്കാനും ജാനകിക്കാവും. പക്ഷേ ഇവിടെ ജാനകിക്കും അവഗണിക്കപ്പെട്ട എല്ലാ കുഞ്ഞുങ്ങള്‍ക്കും മെതിയടികള്‍ മുന്നോട്ടുള്ള വഴി തുറക്കലായി മാറുന്നു. കുഞ്ഞുങ്ങള്‍ സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കണം. ഒറ്റയ്ക്ക് ധീരതയോടെ മുന്നോട്ടു നടക്കാന്‍ അവര്‍ക്കാവണം. കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരു പോലെ ഇഷ്ടപ്പെടുന്ന സിനിമയാണ് ജാനകി - Daughter of Earth.
 


എം.ജി. ശശി പറയുന്നു....   ജാനകിയെപ്പറ്റി.



മെയിന്‍ റോഡിലേക്ക് കയറുമ്പോള്‍ ഇടതുഭാഗത്ത് പൊതുസ്ഥലത്തു തന്നെ കെട്ടി മേഞ്ഞ ഒരു കൂര കാണാം. കനിമൊഴിയുടെ വീടാണത്. കനിമൊഴിയും സഹോദരന്‍ അഴകനും അമ്മയും അമ്മയുടെ താല്‍ക്കാലിക ഭര്‍ത്താവായ മറ്റൊരാളുമൊത്ത് ആ ഒറ്റമുറി കൂരയില്‍ താമസമാണ്. അമ്മികൊത്ത് , അണ്ണാനെ പിടിക്കല്‍, കച്ചറ പെറുക്കല്‍... തുടങ്ങി പലവിധ നിത്യവൃത്തികള്‍. കാലത്തു തന്നെ കുടുംബസമേതം കള്ളുഷാപ്പില്‍ പോകലും പതിവാണ്.  കനിമൊഴിയാണ് പിന്നീട് എന്‍റെ ജാനകി ആയത്.


കനിമൊഴി/ജാനകി സഹോദരങ്ങള്‍ക്കൊപ്പം  ഉച്ചയ്ക്ക് വീടിന്‍റെ ഗേറ്റില്‍ വന്നു തട്ടി വിളിക്കും. ഭക്ഷണത്തിനു  വേണ്ടി.  ഒരു നേരം, രണ്ടാം ദിവസം, മൂന്നാം നാള്‍, ഒക്കെ ഭക്ഷണം കൊടുത്തു. പിന്നീടത്‌ എന്‍റെ ഭാര്യയ്ക്കും അമ്മയ്ക്കും ഞാനടക്കം വീട്ടിലാര്‍ക്കും തന്നെ പ്രായോഗികമായി മുന്നോട്ടു കൊണ്ടു പോകാവുന്ന ഏര്‍പ്പാടാണെന്ന് തോന്നിയില്ല. "എന്നും വന്നാ ശര്യാവില്ല..വേറേ എങ്ങടെങ്കിലും പൊയ്ക്കോ.." അടുത്ത മരച്ചില്ലകളില്‍ ചാടി കളിക്കുന്ന അണ്ണാനെ കണ്ടു കവണയെടുത്ത് ആ കുട്ടികള്‍ അങ്ങോട്ടോടി. എന്‍റെ കുട്ടികളെപ്പോലെയാണ് ഈ കുട്ടികളും എന്ന് എനിക്ക്‌  അറിയായ്കയല്ല.


വിഷുദിവസം സ്വന്തം വീടുകളില്‍ നിന്നു ഭക്ഷണം കഴിച്ചുവന്നു എന്‍റെ ചെറിയ മകനോടൊപ്പം അവന്‍റെ കൂട്ടുകാര്‍ മുറ്റത്തു ക്രിക്കറ്റ് കളിക്കുകയാണ്. ആ കൂട്ടത്തില്‍ പക്ഷേ അഴകനെയും ഞാന്‍ കണ്ടു. "അഴകന്‍ ഭക്ഷണം കഴിച്ചോ? "ഇല്ല" ഉച്ചത്തില്‍ പറഞ്ഞ് ആകാവുന്ന ശക്തി സംഭരിച്ചു അഴകന്‍ ബൌള്‍ ചെയ്തു. അന്നു അഴകന് ഭക്ഷണം കൊടുത്തത് ഒട്ടും തന്നെ എന്‍റെ മാഹാത്മ്യമല്ല..  ഉമ്മറവാതിലിലൂടെ കയറി വരാന്‍ മടിച്ച്, കസേരയില്‍ ഇരിപ്പുറയ്ക്കാതെ, അഴകന്‍ ഭക്ഷണം കഴിച്ചത് ഓര്‍ക്കുന്നു.

നാട്ടിലെ പൊതു പരിപാടികള്‍ക്ക് കനിമൊഴി മലയാളി പെണ്‍കൊടിയെപ്പോലെ അണിഞ്ഞൊരുങ്ങി നില്‍ക്കും. ആരോ ഉപേക്ഷിച്ച പട്ടുപാവാട.. ശരീരത്തില്‍ അയഞ്ഞു തൂങ്ങുന്ന  ജാക്കറ്റ്.. ചന്ദനക്കുറി.. തുമ്പു കെട്ടിയ മുടിയില്‍ തുളസിക്കതിര്‍.. എല്ലാര്‍ക്കും പരിഹാസം. നാടോടി സംഘത്തിലെ പെണ്ണിന് ഈ ഗ്രാമത്തിന്‍റെ  സംസ്കാരവുമായി എന്തു ബന്ധം?

പല വീടുകളില്‍ പണിക്കു നിന്നു കനിമൊഴി. ആ ചെറിയ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പിന്നീട് നാട്ടില്‍ ശ്രുതി പറന്നു. ഡോക്റ്ററെ സ്വകാര്യമായി  കണ്ടു ഗര്‍ഭം അലസിപ്പിച്ചത്രേ! കുറേ നാള്‍ കനിമൊഴിയെ ആരും കണ്ടില്ല. പതിന്നാലാം വയസ്സില്‍ കനിമൊഴിയെ മറ്റൊരു നാടോടി സംഘത്തിലെ മാരിയപ്പന്‍ എന്ന ചെറുപ്പക്കാരന് 'മങ്ങലം" കഴിച്ചു കൊടുത്തു. കല്യാണ ദിവസം വധൂവരന്മാര്‍ ഒഴികെ ബാക്കിയെല്ലാവരും കടത്തിണ്ണയില്‍ കള്ളുകുടിച്ചു കൂത്താടി. വിവാഹപ്പിറ്റേന്ന് കനിമൊഴി അവരുടെ കൂരയ്ക്ക് പിറകിലുള്ള പഞ്ചായത്തു കിണറ്റില്‍ ചാടി. അവളെ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയെന്നും  മരിച്ചുപോയെന്നുമൊക്കെ പിന്നീടു കേട്ടു. പിന്നെയാരും കനിമൊഴിയെ കണ്ടതേയില്ല.

ജാനകി എന്‍റെ മനസ്സില്‍ പിറവി എടുത്തു കഴിഞ്ഞിരുന്നു. ജാനകി സീത തന്നെയാണ്.  രാമായണത്തിലെ സീത. ഉഴവുചാലില്‍ നിന്നു വരികയും ഭൂമി പിളര്‍ന്നു മണ്ണിലേക്ക് തന്നെ തിരിച്ചു പോവുകയും ചെയ്യുന്ന സീത.  കനിമൊഴിയിലൂടെ സീതയിലൂടെ ജനകിയിലേയ്ക്കെത്തുകയായിരുന്നു. നമ്മള്‍ തിരിച്ചറിയുക! ജാനകി ഒരു പെണ്‍കുഞ്ഞാണ്. പനിച്ചു വിറയ്ക്കുന്ന ഒരു കുഞ്ഞിന്‍റെ ഉള്ളം കയ്യില്‍ സ്നേഹത്തോടെ ഒരു ഉമ്മ വയ്ക്കാനെങ്കിലും മനുഷ്യര്‍ക്ക്‌ കഴിയണം.

കുഞ്ഞുങ്ങള്‍ക്കു പ്രിയപ്പെട്ട, കുഞ്ഞുങ്ങളെ അത്യധികം സ്നേഹിച്ച ഗാന്ധിജിയുടെ ദര്‍ശനം കനിമൊഴിയോടൊപ്പം ചേര്‍ന്നപ്പോള്‍ രാഷ്ട്രീയമായും സാമൂഹ്യമായും സാംസ്കാരികമായും അര്‍ത്ഥതലങ്ങലുള്ള 'ജാനകി' എന്ന ഭൂമിപുത്രിയെക്കുറിച്ചുള്ള  സിനിമയുടെ രൂപം തെളിഞ്ഞു വന്നു. ശബ്ദവും ദൃശ്യവും ഉരുത്തിരിഞ്ഞു.


ബാല്യത്തിനോടുള്ള എന്‍റെയും നമ്മളുടെയുമൊക്കെ സ്വയം വിമര്‍ശനമാണ്, കുറ്റസമ്മതമാണ് 'ജാനകി'.


 

കുട്ടിപ്പട്ടാളത്തിന്‍റെ  പരാക്രമങ്ങള്‍
 
ആദ്യ ചിത്രമായ അടയാളങ്ങളിലൂടെത്ത്തന്നെ വ്യത്യസ്തമായ ഒരു ചലച്ചിത്ര വീക്ഷണമാണ് തനിക്കുള്ളതെന്ന്  തെളിയിച്ച എം.ജി.ശശിയുടെ പുതിയ ചിത്റം ആണ് 'ജാനകി '. ഇന്ത്യന്‍ പനോരമയില്‍ ഉള്‍പെടുത്തിയ  പ്രിയനന്ദനന്‍ സംവിധാനം ചെയ്ത 'സൂഫി പറഞ്ഞ കഥ'ക്ക്   ശേഷം സിലിക്കണ്‍ മീഡിയക്ക് വേണ്ടി പ്രകാശ്‌ ബാരെ നിര്‍മിച്ച ജാനകിയില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഒരു കൂട്ടം കുട്ടികള്‍ ആണ്. ലളിതവും ശക്തവും ആയ ഒരു കഥ സുന്ദരമായി പറയുവാനുള്ള ശ്രമം ആണ് നടത്തിയിരിക്കുന്നതെന്നും   എന്നും സാമൂഹികമായി ഏറെ പ്രതിബദ്ധതയുള്ള ഒരു വ്യക്തിയാണ് താനെന്നും അതിന്റെ പ്രതിഫലനങ്ങള്‍ തന്‍റെ സിനിമയ്ല്‍ സ്വാഭാവികമാണെന്നും, പക്ഷേ, തന്‍റെ വീക്ഷണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന തരത്തില്‍ സിനിമയെടുക്കുന്ന ആളല്ല താന്‍ എന്നുമാണ്   സംവിധായകന്‍ എം ജി ശശി അഭിപ്രായപ്പെടുന്നത്.
 
കുട്ടികളുടെ കാഴ്ചപ്പാടിലൂടെ സമകാലിക ജീവിതത്തെ അവതരിപ്പിക്കുന്ന ജനകീയ സിനിമയാണ് ജാനകി. അത് തന്നെയാണ് 'ജാനകി'  എന്ന സിനിമയുടെ പ്രത്യേകതയും. നിത്യജീവിതത്തിലെ സാധാരണ സംഭവങ്ങളിലൂടെയാണ് ജാനകിയുടെ കഥ ഇതള്‍ വിരിയുന്നത്.  ആദ്യാവസാനം റിയാലിറ്റിയും ഫാന്റസിയും ഇഴ ചേരുന്ന കഥാഘടന ആണ് ഈ സിനിമയുടേതു .
 'ജാനകി'  എന്ന സിനിമയുടെ യുടെ  മുഖ്യ ഘടകമായ കുട്ടിപ്പട്ടാളത്തിലേക്ക്  സംവിധായകന്‍   എം.ജി.ശശിയും നിര്‍മാതാവും നടനും സഹാസംവിധയകനുമായ പ്രകാശ്‌ ബാരെയും മറ്റു ജൂറിയും നടത്തിയ റിക്രൂട്ടുമെന്റില്‍   പതിനൊന്നു കുട്ടികളെയാണ് തെരഞ്ഞെടുത്തത്. അക്കൂട്ടത്തില്‍ പെട്ട ശ്രുതിയുടെ കൂടെ ഷൂട്ടിങ്ങ് കാണാന്‍ വന്നതായി രുന്നു  ശ്രീരാഗ്.  അവനെ  കണ്ടപ്പോള്‍ തന്നെ എം ജി ശശി അവനെയും പട്ടാളത്തില്‍ ചേര്‍ത്തു. 
ശ്രീരാഗ് നീ എങ്ങനെയാ സിനിമയില്‍ വന്നത് ? എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവന്‍ പറയും :
 "ഞാന്‍ ആറങ്ങോട്ട്‌ കരേന്നു നടന്നാ വന്നത്".
 കുട്ടിപ്പട്ടാളത്തിലെ ഏറ്റവും ചെറിയ സൈസ് ആണിത്.

വലിയ ഒരാള്‍ ഉണ്ട് - സുപ്രീത്. സുപ്രീതിന്‍റെ തലയില്‍ തൊടണം എങ്കില്‍ കോണി വയ്ക്കണം എന്നാണു ജിതിന്‍ പറയുന്നത്. കുട്ടികളില്‍ ഏറ്റവും ഉയരം ഉള്ള ആളായ  സുപ്രീത്‌ പഠിക്കുന്നത് എഴാം ക്ലാസ്സില്‍ ആണ്. ആള്‍ കരാട്ടെ പഠിക്കുന്നുണ്ട്. ഇപ്പോള്‍ ബ്ലൂ ബെല്‍റ്റ്‌ ആണ്.  കീ ബോര്‍ഡ്‌ വായനയില്‍ മിടുക്കന്‍ ആണ്. വായനയാണ് ഹോബി. സിനിമയാണെങ്കില്‍ നിത്യജീവിതത്തിന്റെ ഭാഗം.  കണ്ണൂര്‍ ചിറക്കല്‍ ധനരാജ്‌ തിയേറ്റര്‍ ഉടമ പ്രസാദിന്റെ മകന്‍ ആണ് സുപ്രീത്‌.
 
ജിതിന്‍ ആരാ മോന്‍ ?
ജിതിന്‍ കഥകളിനടന്‍ ആണ്.  പഠിക്കുന്നത് എഴാം ക്ലാസ്സില്‍. കഴിഞ്ഞ കൊല്ലം ആണ് അരങ്ങേറ്റം നടത്തിയത്.
കലാമണ്ഡലത്തില്‍   തെക്കന്‍ ചിട്ടയിലുള്ള കഥകളി അഭ്യാസക്രമങ്ങള്‍ പഠിപ്പിക്കുന്ന കലാമണ്ഡലം മനോജിന്‍റെ  ഇളയ മകന്‍ ആണ് ജിതിന്‍.  ജിതിന്‍റെ ചേട്ടന്‍ ജിഷ്ണുവും കഥകളി നടന്‍ ആണ്.  ഇരുവരുടെയും ഗുരു അച്ഛന്‍ ആണ്.
 
 ഇടയ്ക്കു സാരംഗിന്‍റെ  ഒച്ച പുല്ലൂര്‍ മനയുടെ മുകള്‍ നിലയില്‍ നിന്ന് കേള്‍ക്കാം.  കുട്ടിപ്പട്ടാളം തമ്പടിച്ചിരിക്കുന്നത് അവിടെയാണ്. സ്റ്റാര്‍ട്ട്‌ ,  ക്യാമറ,ആക്ഷന്‍..... ,കട്ട്‌  എന്നൊക്കെയാണ് സാരംഗ് ഉച്ചത്തില്‍ പറയുന്നത്.  അവിടെ കുട്ടികള്‍ സിനിമ ഷൂട്ടിംഗ് കളിക്കുകയാണ്. സംവിധായകന്‍റെ വേഷത്തില്‍ ആണ് സാരംഗ്. ആക്ഷന്‍ എന്നത് ഒരു അലര്‍ച്ച ആണ്. ആര്‍പ്പു വിളിയുടെയും ആശാന്‍ ആണ് സാരംഗ്. .  കഥകളിയും പാട്ടും മേളവും ഒക്കെയാണ് സാരംഗിന്‍റെമനസ്സ് നിറയെ. കഥകളി സംഗീതജ്ഞനായ ഇളംകൂര്‍  പുല്ലൂര്‍ മനക്കല്‍ മനോജിന്‍റെ മകന്‍ ആണ് സാരംഗ്.  (പുല്ലൂര്‍ മനയില്‍ വച്ചാണ് ജാനകിയ്ടെ ഷൂട്ടിംഗ് ഏറെയും നടന്നത്). ചിറാംകുത്ത് ജി.എല്‍.പി.സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയാണ് സാരംഗ്.
 
 പ്രധാന കഥാപാത്രമായ ജാനകി ആയി വേഷം ഇടുന്നത് കൃഷ്ണ പദ്മകുമാര്‍  എന്ന പതിനൊന്ന് വയസ്സുകാരിയാണ് .  ഈ ചിത്രത്തിലൂടെ മലയാള സിനിമക്കു മിടുക്കിയായ ഒരു ബാലനടിയെ ലഭിച്ചിരിക്കുകയാണ്. പത്രത്തിലും ടിവിയിലും പരസ്യം കണ്ടു അപേക്ഷിച്ചവരില്‍ നിന്ന് നൂറിലേറെ കുട്ടികളെ ഇന്റര്‍വ്യൂ ചെയ്തതിനു ശേഷം ആണ് കൃഷ്ണയെ ജാനകി ആവാന്‍ തിരഞ്ഞെടുത്തത്. ആദ്യത്തെ റൌണ്ടില്‍ ഒരുപാട് പിന്നില്‍ ആയിരുന്ന കൃഷ്ണ അഭിനയത്തിന്റെയും, നൃത്തത്തിന്റെയും ടെസ്റ്റുകളില്‍ മുന്നേറി.  കൃഷ്ണയുടെ മുഖത്ത് വിടരുന്ന ഭാവങ്ങള്‍ കണ്ട സംവിധായകനും നിര്‍മാതാവും മറ്റു പരീക്ഷകരും ജാനകി ആയി അഭിനയിക്കാന്‍ കൃഷ്ണയെ തന്നെ സെലക്ട്‌ ചെയ്യുകയായിരുന്നു.  
 
 
  'ആ സീക്വന്‍സ്‌    ഓര്‍ക്കു,  മനസ്സിലേക്ക് കൊണ്ടു വരൂ ' എന്ന് സംവിധായകന്‍ പറയുകയേ വേണ്ടു , സംവിധായകന്‍ ഉദ്ദേശിച്ച ഭാവങ്ങള്‍ കൃഷ്ണയുടെ മുഖത്ത് എത്തുകയായി. കരയുന്ന ഷോട്ടില്‍ ചിലപ്പോള്‍ സംവിധായകന്‍ കട്ട് പറഞ്ഞാലും കരച്ചില്‍ നില്‍ക്കില്ല. അപ്പോള്‍ മുഖം പൊത്തി  ഇരിക്കും.

കൃഷ്ണ തനിച്ചുള്ള ഷോട്ടുകളില്‍ ഒന്നും തന്നെ അവളുടെ കുഴപ്പം കൊണ്ട് വീണ്ടും ടെക്ക്  എടുക്കേണ്ടി വന്നിട്ടില്ല.  അതെ സമയം കംബിനറേന്‍ ഷോട്ടുകളില്‍ മറ്റുള്ളവര്‍ കൃഷ്ണയുടെ ഒപ്പം എത്താതെ വിഷമിക്കുന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ കുഴപ്പം കൊണ്ടു പലപ്പോഴും റീ ടേക്ക് വേണ്ടി വന്നു.
തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്കൂളില്‍ എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി ആയ നയന ജോസന്‍ അമൃത ടീവിയിലെ സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍ 2007ലെ ഫൈനലിലെത്തി നാലാം സ്ഥാനം നേടിയ മിടുക്കിയാണ്. മമ്മൂട്ടിച്ചിത്രം ആയ പട്ടണത്തില്‍ ഭൂതത്തില്‍ നയന അഭിനയിച്ചിട്ടുണ്ട്.  മമ്മൂട്ടി മുടി പിന്നിക്കൊടുക്കുന്ന സീനിലും അടിപൊളി ഇടിമഴാ  എന്ന പാട്ടിലും നയന ഉണ്ട്. സൂര്യ ചാനലിലെ ഹലോ
മായാവി, കുട്ടിച്ചാത്തന്‍ മുതലായ സീരിയലുകളിലും പോപ്പിക്കുട  തുടങ്ങിയ ചില പരസ്യചിത്രങ്ങളിലും നയന അഭിനയിച്ചു. അതിനാല്‍ തന്നെ കുട്ടിപ്പട്ടാളത്തിലെ താരം ആണ് നയന. നയനയുടെ അനുജത്തി നന്ദനയും പട്ടണത്തില്‍ ഭൂതത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ആദിത്യന് മൂവി ക്യാമറയ്ക്ക് മുന്നില്‍ യാതൊരു പ്രശ്നവും ഇല്ല . അഭിനയിച്ചു നല്ല പരിചയം ആണ് -  
പക്ഷെ സ്റ്റില്‍ ക്യാമറ കണ്ടാല്‍ ഉടനെ കണ്ണില്‍ നിന്ന് വെള്ളം വരും. തലകറക്കം. ആകെ മൂഡ്‌ ഔട്ട്‌. ഫോട്ടോ എടുക്കുന്ന കാര്യം അവനോടു പറഞ്ഞാല്‍ ഉടനെ അവനു ഹാലിളകും. എം.ജി.ശശിയുടെ സ്നേഹസംമാനതിലും ആദിത്യന്‍ അഭിനയിച്ചിട്ടുണ്ട്. ബാല സംഘത്തിന്റെ നാടകങ്ങളിലും ചില സംസ്കൃത നാടകങ്ങളിലും ആദിത്യന്‍ അഭിനയിച്ചിട്ടുണ്ട്. ക്ലാസ്സില്‍ ഒന്നാമന്‍ ആണ്. വായന പ്രിയനും ശ്രീനി വസ രാമാനുജന്റെ ആരാധകനുമാണ് ആദിത്യന്‍.  ഒരു ഗണിത ശാസ്ത്രജ്ഞന്‍  ആവാന്‍ ആണ് ആദിത്യന്‍ ആഗ്രഹിക്കുന്നത്.
 
നഴ്സറി  മുതല്‍ നൃത്തവും നാടകവും ലാവണ്യക്ക് പരിചയമാണ്. മോണോ ആക്റ്റും അഭിനയും ലാവന്യക്ക് സമ്മാനങ്ങള്‍ നേടിക്കൊടുക്കാറുണ്ട്. നാടക ക്യാമ്പുകളില്‍ പന്കെടുതും നാടകങ്ങളില്‍ അഭിനയിച്ചും സ്വന്തം കഴിവുകള്‍ സ്വയം രൂപപ്പെടുത്തുന്ന ലാവണ്യ നൃത്ത്തമോ സംഗീതമോ പഠിച്ചിട്ടില്ല. എഴാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി ആണ് ലാവണ്യ.
 
ഷൂട്ടിംഗ്  തീരുന്ന ദിവസത്തെ മീറ്റിംഗില്‍ എല്ലാവരും അനുഭവങ്ങള്‍ പങ്കു വയ്ക്കുകയായിരുന്നു.  ശ്രുതിയുടെ ഊഴം എത്തി.  'ഒത്തിരി ഇഷ്ടമായി 'എന്ന് മാത്രം ശ്രുതി പറഞ്ഞപ്പോള്‍ സംവിധായകന്‍ എം.ജി.ശശി ചോദിച്ചു :  ഇഷ്ടം ആവാത്തത് വല്ലതും ഉണ്ടോ ?
 ഉടന്‍ വന്നു ഉത്തരം : "ഭക്ഷണം "
സദസ്സ് ആര്‍ത്തു ചിരിച്ചു. ഇത് വലിയ ശ്രുതി. മോഹിനിയാട്ടം, നാടോടി നൃത്തം , ചിത്രംവര, അഭിനയം, ഡബ്ബിംഗ്  ഇതൊക്കെ ശ്രുതിക്ക് പരിചയം ആണ്.  എം.ജി.ശശിയുടെ സ്നേഹസമ്മാനം എന്ന ചിത്രത്തില്‍ ശ്രുതി അഭിനിയിക്കുക മാത്രമല്ല, കൂടെ അഭിനയിച്ച രണ്ടു പേര്‍ക്ക് വേണ്ടി ഡബ്ബിംഗ്  നടത്തുക കൂടി ചെയ്തു.  കേരള സംഗീത അക്കാദമിയുടെ നാടക ക്യാമ്പില്‍ ശ്രുതി പങ്കെടുത്തിട്ടുണ്ട്.മുരളിയും
 വയലാ   വാസുദേവന്‍‌ പിള്ളയും ഒക്കെ ആയിരുന്നു ക്ലാസ്സ്‌ നയിച്ചത്.
 
ചെറിയ ശ്രുതി മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നു.  കീ ബോര്‍ഡ്‌ അഭ്യസിക്കുന്നുണ്ട്. സെറ്റില്‍ ഒരു പ്ലാസ്റ്റിക്‌ കവര്‍ നിറയെ മഞ്ചാടിക്കുരു വുമായി നടന്ന ശ്രുതിയോടു അതെത്ര മന്ച്ചടിക്കുരുവുന്ടെന്നു ചോദിച്ചാല്‍ ഉത്തരം റെഡി : ' ഇത് വണ്‍ തൌസന്റ് സെവന്‍  ഹന്ട്രദ്   ട്വന്റി എഇറ്റ്‌' എന്ന് കൊഞ്ചുന്ന സ്വരത്തില്‍ ഉടന്‍ ഉത്തരം കൊടുക്കും.  അത്രയും മഞ്ചാടിക്കുരു എന്നി തിട്ടപ്പെടുത്തിയാണ് ശ്രുതി കൊണ്ടു നടക്കുന്നത്.  ഷൂട്ടിങ്ങിന്റെ  ഇടവേളകളില്‍  മഞ്ചാടിക്കുരു  കൊണ്ടു വിവിധ കളികളില്‍ കുട്ടിപ്പട്ടാളം ഏര്‍പ്പെട്ടു പോന്നു.   
 
ശ്രുതിയുടെ ചേച്ചി ശാലിനിയും ജാനകിയില്‍ അഭിനയിക്കുന്നുണ്ട്. അഞ്ചാം ക്ലാസ്സില്‍ പഠിയ്ക്കുന്ന ശാലിനി യുടെ ഹോബി നോണ്‍ സ്റ്റോപ്പ്‌ വായന ആണ്. ചെസ്സും കരാട്ടെയും നീന്തലും ഒക്കെ ശാലിനിക്ക് വശം ആണ്. ഗിറ്റാറും ഡ്രമ്മും പരിശീലിക്കുന്നുണ്ട് .
 
 നൃത്തത്തിലും പാട്ടിലും മാത്രം ആണ് ആദിത്യയുടെ ശ്രദ്ധ .അന്തിക്കാട് ശ്രീ സായി വിദ്യാ പീടത്തിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയാണ് ആദിത്യ.  ആദ്യമായി ആണ് ആദിത്യ സിനിമയില്‍ അഭിനയിക്കുന്നത്. മോഹിനിയാട്ടത്തിനും  ഭരതനാട്യത്തിനും ധാരാളം സമ്മാനങ്ങള്‍ ആദിത്യക്ക്‌ ലഭിച്ചിട്ടുണ്ട്. 

അന്താക്ഷരി, നാടകം, സിനിമ ഷൂട്ടിങ്ങിന്റെ അനുകരണം, മോണോ ആക്ട്‌, പാട്ട്, ഡാന്‍സ്‌, മിമിക്രി- ഭൂമി മലയാളത്തില്‍ ഉള്ള എല്ലാ കലാപരിപാടികളും കുട്ടികള്‍ പുതിയ കൂട്ട് കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ്.  അവര്‍ക്ക് ചുറ്റും രക്ഷിതാക്കളും ഷൂട്ടിംഗ് കാണാന്‍ വന്നവരും കൂടി നിന്ന് ആസ്വദിക്കും.അതിനിടയിലൂടെ സര്‍വാഭരണ വിഭൂഷിതയായി കല മണ്ഡലം രാധിക നടക്കുന്നുണ്ടാവും.  ഇത് സെറ്റിലെ സ്ഥിരം   കാഴ്ച ആയിരുന്നു. ഓരോ ദിവസവും കുട്ടിപ്പട്ടാളം സെറ്റ് കീഴടക്കി 
അവരുടെ ആധിപധ്യം ഉറപ്പിക്കുകയായിരുന്നു. അവര്‍ക്ക് ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളില്‍ സെറ്റില്‍ ആകെ ഒരു മൂകത ആണ്. അവര്‍ എത്തുന്നതോടെ സെറ്റ് പുതിയ ഒരു ലോകം ആയി മാറുകയായിരുന്നു.
ഒരു ദിവസം ലൈറ്റ് അപ്പിന്റെ ഇടവേളയില്‍ ഉറങ്ങാന്‍ കിടന്ന സംവിധായകന്‍ എം.ജി.ശശിയെ കുട്ടിപ്പട്ടാളം ഏറ്റെടുത്ത് കണ്ണെഴുതി പൊട്ടും തൊട്ടു താടി കറുപ്പിച്ചു തീരെ ചെറുപ്പം ആക്കി.
 
 
ഇവര്‍ക്കൊപ്പം  ഏറെയൊന്നും  അടിച്ചു  പൊളിക്കാന്‍ ജാനകിയായി അഭിനയിക്കുന്ന കൃഷ്ണക്ക് കഴിഞ്ഞില്ല.  പ്രധാന  വേഷം ചെയ്യുന്നതിനാല്‍ കൃഷ്ണക്ക് ഏറെ തിരക്കായിരുന്നു. പക്ഷേ കിട്ടിയ സമയത്തിന് അടിച്ചു പൊളിക്കാന്‍ കൃഷ്ണയും പിറകില്‍ ആയിരുന്നില്ല


 
ജാനകിയായി കൃഷ്ണ
 
 ആദ്യ ചിത്രമായ അടയാളങ്ങളിലൂടെത്ത്തന്നെ വ്യത്യസ്തമായ ഒരു ചലച്ചിത്ര വീക്ഷണമാണ് തനിക്കുള്ളതെന്ന്  തെളിയിച്ച എം.ജി.ശശിയുടെ പുതിയ ചിത്റം ആണ് 'ജാനകി '. ഇന്ത്യന്‍ പനോരമയില്‍ ഉള്‍പെടുത്തിയ  പ്രിയനന്ദനന്‍ സംവിധാനം ചെയ്ത 'സൂഫി പറഞ്ഞ കഥ'ക്ക്   ശേഷം സിലിക്കണ്‍ മീഡിയക്ക് വേണ്ടി പ്രകാശ്‌ ബാരെ നിര്‍മിച്ച ജാനകിയില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഒരു കൂട്ടം കുട്ടികള്‍ ആണ്. ലളിതവും ശക്തവും ആയ ഒരു കഥ സുന്ദരമായി പറയുവാനുള്ള ശ്രമം ആണ് നടത്തിയിരിക്കുന്നതെന്നും   എന്നും സാമൂഹികമായി ഏറെ പ്രതിബദ്ധതയുള്ള ഒരു വ്യക്തിയാണ് താനെന്നും അതിന്റെ പ്രതിഫലനങ്ങള്‍ തന്‍റെ സിനിമയ്ല്‍ സ്വാഭാവികമാണെന്നും, പക്ഷേ, തന്‍റെ വീക്ഷണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന തരത്തില്‍ സിനിമയെടുക്കുന്ന ആളല്ല താന്‍ എന്നുമാണ്   സംവിധായകന്‍ എം ജി ശശി അഭിപ്രായപ്പെടുന്നത്.
 
കുട്ടികളുടെ കാഴ്ചപ്പാടിലൂടെ സമകാലിക ജീവിതത്തെ അവതരിപ്പിക്കുന്ന ജനകീയ സിനിമയാണ് ജാനകി. അത് തന്നെയാണ് 'ജാനകി'  എന്ന സിനിമയുടെ പ്രത്യേകതയും. നിത്യജീവിതത്തിലെ സാധാരണ സംഭവങ്ങളിലൂടെയാണ് ജാനകിയുടെ കഥ ഇതള്‍ വിരിയുന്നത്.  ആദ്യാവസാനം റിയാലിറ്റിയും ഫാന്റസിയും ഇഴ ചേരുന്ന കഥാഘടന ആണ് ഈ സിനിമയുടേതു .
 
മഞ്ചേരി യിലും തൃശൂരും ആയി ഷൂട്ടിംഗ് പൂര്‍ത്തിയായ ജാനകിയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത് കുട്ടികളാണ്.  സംവിധാകനായ എം.ജി.ശശി തന്നെ കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയ 'ജാനകി' യില്‍ മുഖ്യ കഥാപാത്രത്തെ  അവതരിപ്പിക്കുന്നത് കൃഷ്ണ  പദ്മകുമാര്‍ എന്ന പതിനൊന്നു കാരിയാണ് .  
 
 
'ജാനകി'ലൂടെ  മലയാള സിനിമക്കു മിടുക്കിയായ ഒരു ബാലനടിയെ ലഭിച്ചിരിക്കുകയാണ്. പത്രത്തിലും ടിവിയിലും പരസ്യം കണ്ടു അപേക്ഷിച്ചവരില്‍ നിന്ന് നൂരില്‍പരം കുട്ടികളെ ഇന്റര്‍വ്യൂ ചെയ്തതിനു ശേഷം ആണ് കൃഷ്ണയെ ജാനകി ആവാന്‍ തിരഞ്ഞെടുത്തത്. ആദ്യത്തെ റൌണ്ടില്‍ ഒരുപാട് പിന്നില്‍ ആയിരുന്ന കൃഷ്ണ അഭിനയത്തിന്റെയും, നൃത്തത്തിന്റെയും  ടെസ്റ്റുകളില്‍ മുന്നേറി.  കൃഷ്ണയുടെ മുഖത്ത് വിടരുന്ന ഭാവങ്ങള്‍ കണ്ട സംവിധായകനും നിര്‍മാതാവും മറ്റു പരീക്ഷകരും ജാനകി ആയി അഭിനയിക്കാന്‍ കൃഷ്ണയെ തന്നെ സെലക്ട്‌ ചെയ്തു.
 
കൃഷ്ണക്ക് കരയാന്‍ ഗ്ലിസറിന്‍ വേണ്ട.  സ്ക്രിപ്റ്റ് വായിക്കുവാന്‍ കൊടുത്തിരുന്നതിനാല്‍ ഡയലോഗുകള്‍ നന്നായി പഠിക്കുവാനും കഥാപാത്രത്തെ  നന്നായി ഉള്‍ക്കൊള്ളുവാനും ഉള്ള ഹോം വര്‍ക്കുകള്‍ നന്നായി ചെയ്യാന്‍ കൃഷ്ണക്ക് കഴിഞ്ഞു.  'ആ സീക്വന്‍സ്‌    ഓര്‍ക്കു,  മനസ്സിലേക്ക് കൊണ്ടു വരൂ ' എന്ന് സംവിധായകന്‍ പറയുകയേ വേണ്ടു , സംവിധായകന്‍ ഉദ്ദേശിച്ച ഭാവങ്ങള്‍ കൃഷ്ണയുടെ മുഖത്ത് എത്തുകയായി. കരയുന്ന ഷോട്ടില്‍ ചിലപ്പോള്‍ സംവിധായകന്‍ കട്ട് പറഞ്ഞാലും കരച്ചില്‍ നില്‍ക്കില്ല. അപ്പോള്‍ മുഖം പൊത്തി  ഇരിക്കും.
കൃഷ്ണ തനിച്ചുള്ള ഷോട്ടുകളില്‍ ഒന്നും തന്നെ അവളുടെ കുഴപ്പം കൊണ്ട് വീണ്ടും ടെക്ക്  എടുക്കേണ്ടി വന്നിട്ടില്ല.  അതെ സമയം കംബിനറേന്‍ ഷോട്ടുകളില്‍ മറ്റുള്ളവര്‍ കൃഷ്ണയുടെ ഒപ്പം എത്താതെ വിഷമിക്കുന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ കുഴപ്പം കൊണ്ടു പലപ്പോഴും റീ ടേക്ക് വേണ്ടി വന്നു. ഇത്ര തന്മയത്വത്തോടെ സീരിയസ്‌ വേഷങ്ങളില്‍ അഭിനയിക്കാന്‍ കഴിയുന്ന കുട്ടികള്‍ വിരളം ആണെന്ന്  ജാനകിയുടെ ഷൂട്ടിംഗ് കണ്ടവര്‍ ഒക്കെ അഭിപ്രായപ്പെടുന്നു. 
 
മലയാള സിനിമയില്‍ ഇത് പോലൊരു കഥാപാത്രം ആദ്യമാണ്.  പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ ഉള്ള സിലിക്കണ്‍ മീഡിയയുടെ ശ്രമം അര്‍ത്ഥവത്താണെന്ന് തെളിയിക്കുന്നതാണ് 'ജാനകി'യായി കൃഷ്ണയുടെ സെലക്ഷന്‍. മൂവാറ്റുപുഴ മാറാടിയിലാണ് കൃഷ്ണയുടെ വീട്.  മകളുടെ കലാവാസനയെ ആത്മാര്‍ഥമായി പ്രോത്സതിപ്പിക്കുന്ന അച്ഛനമ്മമാര്‍, കലപ്രവര്തനങ്ങള്‍ക്ക് എല്ലാ പ്രോത്സചനവും നല്‍കുന്ന അധ്യാപകര്‍.  പഠിത്തത്തിലും മിടുക്കിയായതിനാല്‍ എല്ലാവരുടെയും കണ്ണിലുണ്ണിയാണ്    കൃഷ്ണ.   കൃഷ്ണയുടെ അനുജത്തി കാവേരി.
 
ജാനകി എന്ന കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളുവാനും തന്റെ അഭിനയ മികവു നന്നായി പ്രകടിപ്പിക്കുവാനും കൃഷ്ണക്ക് കഴിഞ്ഞു എന്ന് സംവിധായകന്‍ എം.ജി.ശശിയും കൃഷ്ണക്കൊപ്പം അഭിനയിച്ച തമ്പി ആന്റണി , ടി.ജി.രവി, പ്രകാശ്‌ ബാരെ , ലീല , ജയചന്ദ്രന്‍ മുതലായവരൊക്കെയും  അഭിപ്രായപ്പ്ടയൂന്നു. അപാരമായ അഭിനയ ശേഷി ഉള്ള കൃഷ്ണ യെ കണ്ടെത്തിയതില്‍ സിലിക്കണ്‍ മീഡിയക്ക് അഭിമാനിക്കാം.
 
എല്‍ കെ ജി മുതല്‍ ന്രിത്തം പഠിച്ചു തുടങ്ങിയ കൃഷ്ണ നാലാം ക്ലാസ്സ്‌ വരെ കിഡ്സ്‌ ഫെസ്ടിവലില്‍   എ ഗ്രേഡ് നേടിയിരുന്നു. ഊന്നു വയസ്സ് മുതല്‍ ആണ് ന്രിത്തം പഠിച്ചു തുടങ്ങിയത്.  അമ്മാവന്‍ പി കെ സുരേഷ് ആണ് ഗുരു. 2009 മെയ്‌ 2 നു ആണ് കൃഷ്ണ അരങ്ങേറ്റം നടത്തിയത്. ആഴ്ച തോറും തൊടുപുഴയില്‍ അമ്മാവന്റെ വീട്ടില്‍ പോയി ആണ് ന്രിത്തം അഭ്യസിച്ചത്‌. ജോക്കര്‍ ആണ് ജാനകി ആദ്യം കണ്ട സിനിമ.  മോഹന്‍ലാല്‍ ആണ് ഇഷ്ടനടന്‍.
സെപ്തെംബര്‍ 12 നു മഞ്ചേരിയില്‍ എത്താന്‍ അറിയിപ്പ് കിട്ടിയതിന്‍ പ്രകാരം  സംവിധായകനും  നിര്‍മാതാവുമായി കണ്ടു.  സ്ക്രിപ്റ്റ് വായിക്കാന്‍ കിട്ടി.  ജാനകിയുടെ റോള്‍ മനസ്സിലാക്കി .  സംവിധായകന്റെ നിര്‍ദ്ദേശം  അനുസരിച്ച് ചെരിപ്പും ആഭരണങ്ങളും ഉപയോഗിക്കാതെ ശീലിച്ചു. മഞ്ചേരിയിലും  തൃശ്ശൂരിലും ആയിട്ടാണ് ഷൂട്ടിംഗ് നടന്നത്.  സ്കൂളില്‍ നിന്ന് 15  ദിവസത്തെ അവധി എടുത്തിട്ടാണ് സിനിമയില്‍ അഭിനയിക്കാന്‍ വന്നത്.  സിനിമയില്‍ അഭിനയിക്കുന്നതില്‍ സ്കൂള്‍ അധികൃതരുടെ പ്രോത്സാഹനം കൃഷ്ണക്ക് ഏറെ ആത്മവിശ്വാസം നല്‍കി. പഠനത്തിലും മിടുക്കിയാണ് കൃഷ്ണ. പഠനത്തിന്‍റെ  ഭാഗം ആയുള്ള ഗ്രൂപ്‌ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല .  സബ് ജില്ലാ കലോല്‍സവത്തിനു പങ്കെടുക്കാന്‍ സെലക്ട്‌ ആയെങ്കിലും പ്രാക്ടീസ്‌ ചെയ്യാന്‍ കഴിഞ്ഞില്ല.
ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ പേടി ഉണ്ടായിരുന്നു. ഇപ്പോള്‍ അത് മാറി.
ജാനകിയുടെ സ്റ്റില്‍ എത്തിയപ്പോള്‍ സമപ്രായക്കാരായ വേറെയും ഒരുപാട് സുഹൃത്തുക്കളെ കിട്ടി. ആകെ നൂറോളം കുട്ടികള്‍ അഭിനയിച്ചതില്‍ പതിനഞ്ചോളം കുട്ടികള്‍ എല്ലായ്പ്പോഴും സെറ്റില്‍ ഉത്സവത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു

No comments:

Post a Comment